സപ്തഗിരിയിലെ മായാകാഴ്ച്ചകൾ



പാടി തീര്‍ന്നാലുടന്‍ മഴ പെയ്യുമെന്ന്‌ വിശ്വസിക്കപ്പെടുന്ന സപ്തഗിരിക്കുന്നുകളാൽ മനോഹരമായ തെക്കിന്റെ കൈലാസമെന്ന ഭൂമിയെ കുറിച്ച് കേട്ടിട്ടുണ്ടോ ?? 

ഇല്ലങ്കിൽ ജീവിതത്തിൽ  ഒരിക്കലെങ്കിലും ഇതുവഴി വാ.... അതെന്തിനാണെന്നല്ലെ  !.
ഏഴ് അഴകൊഴുകുന്ന കാഴ്ചകളുടെ തേരിലേക്ക് ഒരു ദിനം പാതിരാ ട്രെക്കിങ്ങ് നടത്താം ,  ദക്ഷിണേന്ത്യയിലെ തന്നെ നല്ലൊരു മലകയറുന്ന  അനുഭവം നമുക്കിതു നൽകുമെന്നതിൽ സംശയമില്ല. 
ദക്ഷിണ കോയമ്പത്തൂർ താലൂക്കിന്റെയും മണ്ണാർക്കാട് താലൂക്കിന്റെയും അതിർത്തിയിൽ  സ്ഥിതിചെയ്യുന്ന ഏഴ് മലകളുടെ ഒരു കൂട്ടമാണ് വെള്ളിയാങ്കിരി മല,  വെള്ളിയാനഗിരി തെങ്കൈലയം ( തെക്കിന്റെ കൈലാസം ),  സർ പർ,  ( സപ്തഗിരികുന്നുകൾ ) എന്നൊക്കെ അറിയപ്പെടുന്നു  ഈ മലകൾ. 

പ്രധാനമായും
പുരാണങ്ങളിലെ ശിവനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ ഏഴ്  മലഞ്ചെരുവുകൾ താണ്ടുന്നത് 
ഹിന്ദു വിശ്വാസികൾ   പുണ്യമായി കണക്കാക്കുന്നു . 

വിശ്വാസികളുടെ പുണ്യഭൂമിയായ ഈ തെക്കിന്റെ കൈലാസത്തിലേക്ക് ഒരു ട്രെക്കിങ്ങ് നടത്താൻ മനസ്സ് വെമ്പൽ കൊള്ളാൻ തുടങ്ങിയിട്ട് നാളെറയായി....... 

കാത്തിരിപ്പിന് വിരാമമെന്നോണം കൂട്ടിന് ആളെകിട്ടിയപ്പോൾ യാത്രക്കുള്ള സാഹചര്യവും മോശമായി പോയി.... കോവിഡ് 19 കാരണം 
കൂടെ വരാമെന്നേറ്റവർ പിൻവലിഞ്ഞപ്പോൾ  ആ സ്വപ്നയാത്രയുമായി ഞാൻ മുമ്പോട്ട് തന്നെ നീങ്ങി... 

കുറ്റിപ്പുറം മുതൽ കോയമ്പത്തൂർ വരെ ട്രെയിനിന്  ജനറൽ ടിക്കറ്റ് എടുത്തു യാത്ര തിരിച്ചു. 
പിൻ വലിയാൻ മനസ്സില്ലാതെ എന്നോടൊപ്പം യാത്രതിരിക്കാൻ വേണ്ടി കോയമ്പത്തൂർ ടൗണിൽ  രണ്ടുപേര് അപ്പോഴും  കാത്തിരിപ്പുണ്ടായിരുന്നു സുഹൃത്തുക്കളായ  ജ്യോതിഷ് ജോസഫും, അഖിലും.  

വൈകിട്ട് 5 മണിക്ക് ശേഷം ഗാന്ധിപുരം ബസ് സ്റ്റാന്റിൽ നിന്ന് ആദി യോഗിയിലേക്ക് ഞങ്ങൾ മൂവരും ഒരുമിച്ചു  യാത്ര തിരിച്ചു. 

കോയമ്പത്തൂർ ടൗണിൽ നിന്നും ഏകദേശം 32 കിലോമീറ്റർ ദൂരമുണ്ട് ഇഷാ സെന്ററിലേക്ക് പോക്കുവെയിൽ മങ്ങുന്ന ഗ്രാമങ്ങളും കൃഷിയിടങ്ങളും കടന്ന് ബസ് ഇഷയിൽ എത്തിയപ്പോഴേക്കും നേരം നല്ലോണം ഇരുട്ടിയിരുന്നു........ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമകളിൽ ഒന്നായ ശിവ പ്രതിമയും കണ്ടു നേരെ  വെള്ളിയാനഗിരി ലക്ഷ്യമാക്കി നീങ്ങി. 

പടിഞ്ഞാറൻ പർവതനിരകളുടെ ഭാഗവും ഏഴ് കുന്നുകൾ ഉൾക്കൊള്ളുന്നതുമായ വെള്ളിയാങ്കിരി കുന്നിലെ ഏഴാമത്തെ കുന്നിൽ വെള്ളിയാനഗിരി  പ്രഭു താമസിക്കുന്നത്  ' സ്വയംബു' രൂപത്തിലാണ് (മനുഷ്യനിർമിതമല്ല, മറിച്ച് സ്വയം രൂപപ്പെട്ടതാണെന്ന് 
പറയപ്പെടുന്നത് ). ഏകദേശം 6000 അടി ഉയരത്തിലാണ് ഈ മല സ്ഥിതിചെയ്യുന്നത്. 
തീർത്ഥാടനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ശിവ ഭക്തർ ഇതിനെ കണക്കാക്കുന്നത്. 

ഒന്നാമതായി ശിവൻ തന്റെ തപസ്സിനായി ഒരിക്കൽ ഈ മലമുകിൾ കണ്ടെത്തുകയും അവിടെ തപസ്സിരിക്കുകയു ചെയ്തിരുന്ന ഈ കുന്നിൻ മുകൾ  കാലാവസ്ഥ കൊണ്ട് കൈലാസത്തിന്  സമാനമായതിനാലും... ശിവന്റെ വെളിച്ചമേകിയ ഈ മല നിരകൾ തെങ്കൈലയം അഥവാ ദക്ഷിണേന്ത്യയുടെ കൈലാസമായി പിന്നീട് അറിയപ്പെട്ടത്. 

ഇഷയിൽ നിന്ന് ഒരു ഓട്ടോ വിളിച്ചു ക്ഷേത്രത്തിന്റെ മുമ്പിൽ എത്തിയപ്പോൾ 9 മണി കഴിഞ്ഞിട്ടുണ്ട്. വല്യ തീർത്ഥാടക കൂട്ടത്തെ ഒന്നും ഇന്നിവിടെ കാണാനില്ല..... ഇനി ഏറിപ്പോയാൽ 10 മണിക്കുള്ള അവസാന ബസ്സിലെ മല കേറുന്ന കുറച്ചു പേര് വരാനിടയൊള്ളൂ... 

കുറച്ച് സ്‌നാക്‌സും വെള്ളവും വാങ്ങിച്ചു ഞങ്ങൾ മലകയറ്റം ആരംഭിച്ചു....  

കുത്തനെയുള്ള പടികളികളാണ് ഒന്ന് രണ്ട് മലകൾ മുഴുവനെന്നും മുൻപ് ഈ മലകയറിയ സുഹൃത്തുക്കളുടെ  അനുഭവത്തിലൂടെ ഒരേകദേശ ധാരണ ഉണ്ടായിരുന്നു.   

എല്ലാ പൗർണ്ണമി ദിനത്തിലും അമാവാസി ദിനത്തിലും ആളുകൾ ഈ മലകയറാറുണ്ട് 
അതുപോലെ ശിവരാത്രി അന്ന് മുതൽ നാല് മാസക്കാലത്തേക്ക് 
രാത്രികാലങ്ങളിൽ ആർക്കും ഇതിലൂടെ മലകയറാം.   ആ നാല് മാസം കഴിഞ്ഞാൽ പിന്നെ പ്രത്യേക പെർമിഷനോട്‌ കൂടി ഗ്രൂപ്പ്‌ ആയിട്ട്  മാത്രമേ ഇങ്ങോട്ട് കടത്തി വിടുകയോള്ളൂ....  
വനം ഏരിയ ആയതുകൊണ്ട് തന്നെ ആനയും കരടിയുമെല്ലാം ഉൾകൊള്ളുന്ന ഈ കാട്ടിലൂടെയുള്ള മല കയറ്റം അത്ര സുഖകരമല്ല. 
ശിവരാത്രി മുതലുള്ള ആ നാല് മാസം മല കയറുന്നവരെ മൃഗങ്ങൾ അക്രമിക്കാറില്ലത്രേ ( വിശ്വാസത്തിന്റെ ഭാഗമായി എന്നാണറിവ് ). ശബരിമല പോലെ നിരവധി ഐതിഹ്യങ്ങൾ തിങ്ങി നിൽക്കുന്ന മലകയറാൻ 15 ഇനും 45നും ഇടയിലുള്ള സ്ത്രീകൾക്ക്‌ പാടില്ല.. ബാക്കി  നാനാ ജാതി മതസ്ഥർക്കും ഈ മല കയറുന്നതിനു യാതൊരു വിധ കുഴപ്പങ്ങളുമില്ല. 

ഇരുൾ വീണ വീചികളിൽ മരച്ചില്ലകളുടെ നിഴലുകൾ ചിത്രം വരയ്ക്കുന്ന  രീതിയിൽ ആകാശത്തിലൊരു നൂറ്റിപ്പത്തിന്റെ ബൾബ് എരിയാൻ തുണ്ടങ്ങി... 
കണ്ടിട്ട് നല്ല ലക്ഷണം പോലെ  !! പേടിച്ചരണ്ട് കൂരിരുട്ടിലെ കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ ഒരില അങ്ങിയാൽ മതി സകല സംശയങ്ങളുടെയും വിത്തുകളോന്നായി മുളച്ചു  പൊന്താൻ തുടങ്ങും ....

പാതിരാ നിലാവിൻ  വെട്ടത്തിലൂടെ ഓരോ പടികളും പയ്യെ താണ്ടി ഒന്നാമത്തെ മലയങ്ങ് പൂർത്തീകരിച്ചു.... തനിയാവർത്തനം പോലെ വീണ്ടും പടികൾ താണ്ടാൻ രണ്ടാമത്തെയും മൂന്നാമത്തേയും മലകൾ കാത്ത് കിടപ്പുണ്ട്. 
പയ്യെ പയ്യെ ഓരോ മലയും പിന്നിട്ടു..... അഞ്ചാമത്തെയും ആറാമത്തെയും മലകൾക്കിടയിൽ നിന്നും ഒരു മൃഗത്തിന്റെ ഗാംഭീര്യമുള്ള ശബ്ദം ഇടയ്ക്കിടെ കേൾക്കാൻ തുടങ്ങി.... 
കേട്ടിട്ട് ആനയുടേതല്ല !. മറിച്ചു വേറേതോ വന്യ മൃഗത്തിന്റെ ശബദം പോലെയാ തോന്നുന്നത് 

ഇനി മുമ്പോട്ടുള്ള ഈ രണ്ട്  മലയിൽ ഏതോ ഒന്നിലാണ് ചെറിയ അരുവികൾ  ഉള്ളത്,  ശെരിക്കും ഒരു കാടിന്റെ ഫീൽ അനുഭപ്പെടാൻ പോകുന്നത് ഇവിടുന്നങ്ങോട്ടാണ്‌. 
മുന്പിലോ പിറകിലോ മലകയറ്റക്കാർ ഇല്ല... ഇനി അഥവാ ഉണ്ടങ്കിൽ തന്നെ അവരൊക്കെ ഒത്തിരി മുമ്പിലോ പിറകിലോ ആയിരിക്കും... പോരാത്തതിന് ഇരുട്ട്, 
ഭയപ്പെടാൻ വേറെ എന്തെങ്കിലും വേണോ....??  

സംഭവിക്കാനുള്ളത് മുന്നിൽ നിന്നോ പുറകിൽ നിന്നോ ആണെങ്കിലും അത്‌ സംഭവിച്ചിരിക്കും...അത്ര തന്നെ. ധൈര്യം കൈവെടിയാതെയും  മല കയറ്റക്കാർക്ക് വേണ്ടി കാത്തു നിൽക്കാതെയും  
ഓരോ പാറയിലും ഊന്നുവടി അടിച്ചു ശബ്ദമുണ്ടാക്കി കൊണ്ട് ഞങ്ങൾ മുന്നോട്ട് നീങ്ങാൻ തന്നെ തീരുമാനിച്ചു... 

ഭയം തത്കാലത്തേക്കുള്ളതാണ്
അത് മറികടന്നാൽ മാത്രമേ മുമ്പോട്ടുള്ള പ്രയാണം ലക്ഷ്യത്തിലെത്തുകയൊള്ളൂ ... നടന്നു നടന്നു ആ ചെറിയ അരുവിയും ഞങ്ങൾ മറികടന്നു... അഞ്ചാമത്തെ മലയും പിന്നിട്ടു അടുത്ത മല  കയറിതുടങ്ങിയപ്പോഴാണ് നിലാവിലെ കാഴ്ചകൾക്ക് മൊഞ്ച് കൂടി വരുന്നത് അനുഭവപ്പെടുന്നത്.. 

ജീവിതത്തിൽ ഇതാദ്യമാണ് രാത്രയിലെ നിലാവിനെ കൂട്ട് പിടിച്ചു ഇത്രയും സമയം തുടർച്ചയായി റസ്റ്റ്‌ ഇല്ലാതെ ഏഴ് മലകൾ കയറുന്നത്,  അതിലിപ്പോൾ അഞ്ചെണ്ണം പൂർത്തിയായി, ഇനി രണ്ടെണ്ണം കൂടി മുമ്പോട്ടുള്ള പാതയിലാണ്...... 
ചെങ്കുത്തായ മല നിരയുടെ ഓരത്തിലൂടെ നീണ്ടു നിവർന്നു കിടക്കുന്ന മൺപാത കണ്ടപ്പഴാണ് കുറച്ച് ആശ്വാസമായത്. ആശ്വാസം അല്പസമയത്തേക്ക് മാത്രമുള്ളതാണല്ലോ,,,, ചെറിയ ഇറക്കവും കയറ്റവുമായി വീണ്ടും മുമ്പോട്ട് നടന്നു നീങ്ങി.....    

ഇടതു വശം കാഴ്ചകൾ കൊണ്ട്  വിരുന്നൂട്ടിയപ്പോൾ 
മുൻപ് കേട്ട മൃഗത്തിന്റെ ഭയാനകമായ ശബ്ദം മനസ്സിൽ നിന്നും പാടെ മാഴ്ഞ്ഞു പോയിട്ടുണ്ടായിരുന്നു  ... 

വടക്ക് നീലഗിരി ഘട്ടത്തിനും തെക്ക് ശിരുവാണി മലനിരകൾക്കുമിടയിലെ പ്രകൃതി രമണീയമായ ഭൂപ്രദേശവുമെല്ലാം മനോഹരമായ കാഴ്ചയേകി ഈ മലനിരകൾക്ക്‌ അങ്ങ് താഴെ ശിരുവാണി അണക്കെട്ടും ഒരു  ജീവധാഡിയായ് നിലനിൽക്കുകയാണ്. 
ഏഴാമത്തെ മലമുകളിലേക്ക് വീണ്ടും ഒരുമണിക്കൂർ കൂടി നടന്നു മുകളിലെത്തി. അങ്ങനെ അവസാനം അഞ്ച് മണിക്കൂർ നീണ്ട ട്രെക്കിങ്  3 മണിക്ക് ഏഴാമത്തെ മലയിലെ സ്വയഭൂക്ഷേത്രത്തിലെത്തി. 

നല്ല തണുത്ത കാറ്റും മഞ്ഞു വീഴ്ചയും കാരണം ഒരല്പം പോലും ഉറങ്ങാൻ കഴിഞ്ഞില്ല. 

എങ്ങും ആഞ്ഞുവീശുന്ന തണുത്ത കാറ്റിന്റെ നേർത്ത ശബ്ദത്തിനിടക്കെപ്പഴോ 
ചാരനിറമുള്ള മേഘങ്ങൾക്കിടയിലൂടെ വർണ്ണങ്ങൾ വിരിഞ്ഞിറങ്ങാൽ 
വെമ്പുന്ന സൂര്യൻ പതുക്കെ മറമാറ്റി പുറത്തുവരാൻ തുടങ്ങി. 
  
നല്ലൊരു ഉദയ കാഴ്ചകൾ നുകർന്നും പകർത്തിയും ഇരിക്കെ...നൊടിയിട കൊണ്ട്  ഹിമസാനുക്കളിലെ  ഹിമമയം പോലെ സപ്തഗിരികുന്നുകളിൽ കോടമഞ്ഞു മൂടാൻ തുടങ്ങി....
മനോഹരമായ കാഴ്ചകൾ കണ്ടു കണ്ണു തള്ളിയവർ ആയിരുന്നു അന്നവിടെ വന്നവരിൽ ഭൂരിഭാഗം പേരുടെയും. 
വെറുതെയല്ല വെള്ളിയാനഗിരിയെ തെക്കിന്റെ കൈലാസമെന്നു വിശേഷിപ്പിച്ചതെന്ന്. 

മനോഹരമായ കാഴ്ചകൾക്ക് ശേഷം തിരികെ കുന്നിറങ്ങാൻ തുടങ്ങി. 
അഞ്ച് മണിക്കൂർ കൊണ്ട് പൂർത്തീകരിച്ച മലകയറ്റം നാല് മണിക്കൂർ കൊണ്ട് തിരികെ ഇറങ്ങാനും സാധിച്ചു. 

    NB  :  ഇതൊരു ടൂറിസ്റ്റ് സ്ഥലം അല്ല, തീർത്ഥാടകരുടെ മലകയറ്റം ആണിവിടെ പ്രധാനം ... കൂടെ മറ്റുള്ളവർക്കും മല കയറാം എന്നു മാത്രം . 

ചിലയിടങ്ങളിൽ മലിനമായി കൊണ്ടിരിക്കുന്ന ഈ മലകളിൽ നമ്മളായിട്ട്  വേസ്റ്റ് നിക്ഷേപിക്കാതിരിക്കുക. 

കഠിനമായ ട്രെക്കിങ്ങ് റൂട്ട് ആണ് അതുകൊണ്ട് തന്നെ സാവധാനം കയറി സാവധാനം ഇറങ്ങാൻ ശ്രമിക്കുക. 

രാത്രിയിൽ കയറി സൂരോദയം കണ്ടു തിരിച്ചിറങ്ങുക, എന്നാൽ വെയിൽ ചൂടാകുന്നതിനു മുൻപ് താഴ്‌വാരത്തിൽ എത്താൻ കഴിയും . 

Route : കോയമ്പത്തൂർ, ആധി യോഗി ഇഷാ സെന്റർ, വെള്ളിയാങ്കിരി. 

കോയമ്പത്തൂർ- ഗാന്ധിപുരം  ബസ് സ്റ്റാൻഡിൽ നിന്ന് അരമണിക്കൂർ ക്യാപ്പിൽ ഇഷയിലേക്ക് ബസ് ലഭിക്കും.
(14D bus നമ്പർ ).

ഇഷയിൽ നിന്ന് പൂണ്ടി വെള്ളിയാങ്കിരി  ക്ഷേത്രത്തിലേക്ക്  4km ഷെയർ ഓട്ടോ എല്ലായ്പ്പോഴും ലഭിക്കും . 

   കടപ്പാട് ✍️ അബു വി കെ.

Comments