യെലഗിരി, ഏർക്കാട്,കൊല്ലി ഹിൽസ്

#106_hairpin_bend  
#1040_kilomeeter
#3_hills_station 

1. #യെലഗിരി
2. #ഏർക്കാട്
3. #കൊല്ലി_ഹിൽസ്

മഴ പെയ്തു തോരുമ്പോഴേക്കും  മഞ്ഞിറങ്ങി വരുന്ന ചുരം വഴികളിലൂടെയുള്ള യാത്രകൾ എനിക്കെപ്പോഴും ഒരു ലഹരിയായിരുന്നു..

  നനുത്ത കാറ്റു വീശുന്ന മലമുകളിലേക്ക് ഒന്ന് വണ്ടി ഓടിച്ചെത്തുമ്പോഴേക്കും മനസ്സിന്റെ വിശാദങ്ങളെപ്പഴോ ആ വെളുത്ത മേഘങ്ങളിലേക്ക് പതിയെ  ചേക്കേറികഴിഞ്ഞിരിക്കും......
പകൽ കിനാവിലെ സ്വപ്നങ്ങളെപ്പോൽ ഒന്നുരുണ്ട് തീരുമ്പോഴേക്കും ആ യാത്രയുടെ  അനുഭൂതികൾ അടുത്ത മഞ്ഞിനേയും മഴയെയും പുല്കുന്നത് വരേയ്ക്കും മനസ്സിലിങ്ങനെ 
അലിഞ്ഞു അലിഞ്ഞു തീർന്നിരിക്കും.

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണല്ലോ ?.

അനുഭവങ്ങൾക്ക് വേണ്ടി യാത്ര തിരിക്കുമ്പോൾ സ്വതവേ കാലാവസ്ഥയും മറ്റും നമ്മുക്ക് അനുകൂലമായി മാറിയിരിക്കും. 

         സുഹൃത്തുക്കളോടൊപ്പമുള്ള രണ്ടു ദിവസത്തെ അട്ടപ്പാടി ക്യാമ്പ് കഴിഞ്ഞു നേരെ വിട്ടത് ഹെയർ പിൻ ബെന്റുകളുള്ള മൂന്ന് ഹിൽസ് സ്റ്റേഷൻ തേടിയുള്ള സോളോ റൈഡ് ആയിരുന്നു.
ഗൂളിക്കടവിൽ നിന്നും
ആനക്കട്ടി ഷോളയൂർ വഴി
യെലഗിരി ആയിരുന്നു ലിസ്റ്റിലെ ആദ്യത്തെ ടെസ്റ്റിനേഷൻ.

തോളംപാളയം, അന്തിയൂർ, മേട്ടൂർ. പൊട്ടണേരി, മെച്ചേരി, തൊപൂർ ടോൾ പ്ലാസ ഇതായിരുന്നു സഞ്ചാര പാത. പോകുന്ന വഴി ഭവാനി ഡാമും സന്ദർശിച്ചു.യാത്ര തുടർന്നു.
മെച്ചേരി പിന്നിട്ടത്തിനു ശേഷം നല്ല  രീതിയിൽ മഴ പെയ്തു തുടങ്ങി ഏകദേശം 240 കിലോമീറ്റർ ദൂരം സഞ്ചരിച്ചു ധർമ്മപുരിക്ക് അടുത്ത് സെങ്കൽ മേഡ് എന്ന സ്ഥലത്ത് രാത്രി ടെന്റ് അടിച്ചു സുഗമായി കിടന്നുറങ്ങി.
കാലത്ത് വീണ്ടും യെലഗിരി  ലക്ഷ്യമാക്കി നീങ്ങി...

ശേഷംപട്ടി, നല്ലംമ്പള്ളി വഴി സേലം മെയിൻ റോഡിലൂടെ പൂച്ചംമ്പള്ളി മാതുർ, തിരുപ്പത്തൂർ റൂട്ടിൽ വന്നു ചേർന്നു. ഇവിടുന്ന് 
യെലഗിരി വേറെ റോഡ് ആണ്.  
ജോലേർപേട്ട്
റെയിൽവേക്ക് അടുത്തൂടെ നേരെ യെലഗിരി.

     1.  ⛰️ യെലഗിരി ( Yelagiri )
________________________________

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1040 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യെലഗിരി നാല് പർവതങ്ങൾക്കിടയിലായി ചെറിയ ഗ്രാമങ്ങളും നിരവധി ക്ഷേത്രങ്ങളും  ഉൾപ്പെടെ പുറം ലോകവുമായി കൂട്ടിച്ചേർക്കുന്ന പതിനാല്  കുഗ്രാമങ്ങൾ നിറഞ്ഞ ചെറിയ ഒരു മലയോര പട്ടണമാണ് 
യെലഗിരി.

കുഗ്രാമങ്ങൾ എന്നു പറയുമ്പോൾ
എല്ലാം സാധാരണ ജനങ്ങൾ താമസിക്കുന്ന ഗ്രാമങ്ങൾ മാത്രവുമല്ല ഒരു വിഭാഗം ആദിവാസി ജനത ഇന്നുമിവിടെ  താമസിക്കുന്നുണ്ട്. അവരെ കൂടാതെ പണ്ട്  ടിപ്പു സുൽത്താന്റെ സൈന്യത്തിലെ പോരാളികളുടെ പിൻ മുറക്കാരും ഇവിടെയുണ്ട്, അവരെ  "വെല്ലല ഗൗണ്ടർ " എന്ന് വിളിച്ചിരുന്നത്.

പ്രകൃതിയും ജനജീവിതവും കൊണ്ട് വിത്യസ്ത പുലർത്തുന്ന 
യെലഗിരിക്കുന്ന് മുമ്പ് 1950 വരേയ്ക്കും സമീന്ദാർ കുടുംബത്തിന്റെ സ്വകാര്യ സ്വത്തായിരുന്നു പിന്നീട് ഇതു സർക്കാരിനു കീഴിലായി. പതിയെ സന്ദർശകരും യെലഗിരിയിലേക്ക് എത്തിതുടങ്ങി.....
മനോഹരമായ പാതകൾ, പുരാതന വാസ്തുവിദ്യയുള്ള ക്ഷേത്രങ്ങൾ, താഴ്‌വാരം, കൃഷികൾ 
തടാകം, വെള്ളച്ചാട്ടം,  ബോട്ടിംഗ്,കുട്ടികൾക്ക് വേണ്ടിയുള്ള പാർക്കുകൾ തുടങ്ങിയവയെല്ലാം ഇന്ന് 
യെലഗിരിയിലുണ്ട്.
സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ട്രെക്കിംഗ്
പാരാഗ്ലൈഡിംഗ്,  റോക്ക് ക്ലബിംഗ്, എന്നിവയൊക്കെ ഇവിടെ ചെയ്യാം.
    
വേനൽക്കാലത്ത് യെലഗിരിയിൽ കൂടുതൽ മഴ ലഭിക്കാറുണ്ട് ശരാശരി 900 mm മഴ ലഭിക്കുന്നുണ്ട് .അതിനാൽ വേനൽക്കാലത്ത് ഒരിക്കലും ചൂട് കൂടുതലായി അനുഭപ്പെടില്ല എന്നതാണ് യെലഗിരിയുടെ ഒരു  പ്രത്യേകത. എന്നിരുന്നാലും 
പൂർണ്ണ ഭംഗി ആസ്വദിക്കാൻ നവംബർ മുതൽ ഫെബ്രുവരി പകുതി വരെയാണ് നല്ല സമയം. 

യെലഗിരിയിൽ കണ്ടിരിക്കേണ്ട      പ്രധാന സ്ഥലങ്ങൾ.

🔘 സ്വാമിമലൈ ട്രെക്കിങ് 

യെലഗിരിയിലെ ഏറ്റവും പ്രശസ്തവും ഉയരം കൂടിയതുമായ കൊടുമുടികളിൽ ഒന്നാണ് സ്വാമിമലൈ കുന്ന്. മംഗലം എന്ന ഗ്രാമത്തിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ട്രെക്കിംഗിന് ശേഷം മനോഹരമായ സ്വാമി മലയിൽ എത്തിച്ചേരാം. സഞ്ചാരികൾക്ക്  ഈ കുന്നിൻ പ്രദേശത്ത്‌ നിന്നാൽ 
താഴെ താഴ്‌വരയുടെ മനോഹരമായ കാഴ്ചകൾ  ആസ്വദിക്കാൻ കഴിയും.
350 രൂപയാണ് ഒരാൾക്ക് ട്രെക്കിങ് ചാർജ്. ഒന്നര കിലോമീറ്റർ പിന്നിട്ടാൽ ടിക്കറ്റ് കൗണ്ടർ എത്തും. അവിടുന്ന് കഷ്ടി ഒന്നര കിലോമീറ്റർ ദൂരമേ കാണൂ മലമുകളിലേക്കെത്താൻ.
കരടിയും വന്യമൃഗങ്ങളുമുള്ള കാട്ടിലൂടെ മുമ്പ് തനിച്ചു ട്രെക്കിങ് അനുവദിച്ചിരുന്നു... പക്ഷെ ഇപ്പോൾ ഒറ്റയ്ക്കുള്ള ട്രെക്കിങ് അനുവദിക്കുന്നതല്ല.  
ട്രെക്കിംഗ്, പ്രകൃതിദത്ത ദൃശ്യങ്ങൾ,
ഫോട്ടോഗ്രാഫി, 
എന്നിവയ്ക്കെല്ലാം പേരുകേട്ടതാണ് സ്വാമിമലൈ കുന്ന്.

🔘 ജലഗംപാറൈ വെള്ളച്ചാട്ടം

മങ്ങിയ മൂടൽമഞ്ഞിനാൽ ചുറ്റപ്പെട്ട, പച്ചപ്പ് നിറഞ്ഞ,
യെലഗിരിയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ജലഗംപാറൈ വെള്ളച്ചാട്ടം.  ആട്ടാരു നദി പാറകളിലൂടെ താഴേക്ക് ഇവ ഒഴുകുന്നു. 
5 കിലോമീറ്ററോളം ദൂരം നീണ്ടുനിൽക്കുന്ന ട്രെക്കിംഗിൻ ശേഷം മനോഹരമായ   ജലഗംപാറൈ വെള്ളച്ചാട്ടത്തിലെത്താം. 

നേരിട്ട് വെള്ളച്ചാട്ടത്തിന് അടുത്തെത്താനുള്ള മറ്റൊരു വഴിയുണ്ട്. 
തിരുപ്പത്തൂർ ടൗണിൽ നിന്നും ജലഗംപാറൈ റോഡ് ഒന്നുണ്ട് അതിലൂടെ കഷ്ടിച്ച് 12 കിലോമീറ്റർ
യാത്രചെയ്‌താൽ ഇവിടെ എത്താൻ കഴിയും, ഞാൻ തിരഞ്ഞെടുത്ത വഴി ഇതാണ്.
10 രൂപ എൻട്രി ഫ്രീ

🔘 പുങ്കഗനൂർ തടാകം

യെലെഗിരിയിലെ വലിയ തടാകം ആണ് പുങ്കഗനൂർ
മനോഹരമായ ഈ തടാകത്തിൽ ബോട്ടിംങും ചെയ്യാം. ഇപ്പോൾ ബോട്ടിങ് നിറുത്തിവെച്ചിരിക്കുകയാണ്. ബോട്ട് ഹൗസ് എന്നും ഈ തടാകം അറിയപ്പെടും.

🔘  നിലാവൂർ തടാകം

യെലഗിരിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ചെറിയൊരു തടാകം ആണ് നിലാവൂർ തടാകം.  

🔘 നേച്ചർ പാർക്ക്

പന്ത്രണ്ട് ഏക്കർ വിസ്തൃതിയിൽ 
പംഗനൂർ തടാകത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ശാന്തമായ ഒരു  പാർക്ക് ആണ് പംഗനൂർ നേച്ചർ പാർക്ക്.
സമൃദ്ധമായ സസ്യജാലങ്ങളുടെ ഒരു ആവാസ കേന്ദ്രമാണ് ഈ പാർക്ക്.

വിത്യസ്ത കളർ ലൈറ്റിംഗ്, ഫിഷ് അക്വേറിയം, ഒരു കൃത്രിമ വെള്ളച്ചാട്ടം, കുട്ടികളുടെ പാർക്ക്, ഒരു മുള വീട്, മനോഹരമായ പൂന്തോട്ടങ്ങൾ എന്നിവയൊക്കെ ഇതിനുള്ളിൽ ഉൾപ്പെടുന്നുണ്ട്.

🔘  ഹെർബൽ ഫാം

പുങ്കനൂർ തടാകത്തിനടുത്താണ് ഹെർബൽ ഫാം വനംവകുപ്പ് ആണ് ഇത് സംരക്ഷിക്കുന്നത്. ആയുർവേദ മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഈ സ്ഥലം സന്ദർശിക്കാം.
പൊന്നേരി മുതൽ യെലഗിരി വരെ 14 കിലോമീറ്റർ
ബസുകൾ ലഭ്യമാണ്. 
തിരുപ്പത്തൂർ മുതൽ യെലഗിരി വരെ 27 കിലോമീറ്റർ.

ട്രെയിൻ വഴി : അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ജോലാർ‌പേട്ടയാണ് ജോലാർപേട്ട മുതൽ യെലഗിരി വരെ 21 കിലോമീറ്റർ.

എരുളപട്ടി, ഉത്തങ്കറൈ, മരമംഗലം. സേലം തിരുപത്തൂർ വാണിയമ്പാടി റോഡിലൂടെ പരുത്തിക്കാട് എത്തുന്നതിനു മുൻപ് ഏർക്കാഡിലേക്ക് വഴി തിരിഞ്ഞു പോകണം 127 കിലോമീറ്റർ. പാതി വഴിയും റോഡ് പണി  നടക്കുന്നതിനാൽ വളരെ ശോകമാണ് ഇതുവഴിയുള്ള യാത്ര. പരുത്തിക്കാട് നിന്ന് നേരെ ഏർക്കാട് 24 കിലോമീറ്റർ.

 

   2. ⛰️ യേര്‍ക്കാട്  ( Yercuad )
________________________________

                 ഏഴിയൻ ഊട്ടി അഥവാ പാവപ്പെട്ടവന്റെ ഊട്ടി എന്ന്  അറിയപ്പെടുന്ന യേര്‍ക്കാട്. തമിഴ്‌നാട്ടിലെ സേലത്തിനും നാമക്കല്ലിനും അടുത്താണ് സ്ഥിചെയ്യുന്നത്.

തമിഴർ കാവല്‍ദൈവമെന്നു വിശ്വസിക്കുന്ന അവരുടെ സെര്‍വരായന്റെ മലനിരകളാണിത്
സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരെയുള്ള
യേര്‍ക്കാടിലേക്ക് 20 ഹെയർ പിൻ ബെൻഡ് താണ്ടി വേണം ഇവിടെ എത്താൻ.

ഓറഞ്ച്, പേരക്ക,
കുരുമുളക്, കാപ്പി, ഏലം എന്നിവയാണ് യേര്‍ക്കാടിലെ  പ്രധാന കൃഷികൾ.

5326 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന  സെര്‍വരായൻ  ക്ഷേത്രവും, മനോഹരമായ ഒരു തടാകവും, മറ്റു വ്യൂ പോയിന്റുകളും ചേർന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഏർക്കാട് എന്നത്.

🔘 ലേഡീസ് സീറ്റ്,

കാവേരി നദിയിലെ മേട്ടൂർ ഡാമിന്റെയും സേലം ടൗണിന്റെയും മനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്ന ഒരു വ്യൂ പോയിന്റാണ് ലേഡീസ് സീറ്റ്.

ഒരു ഇംഗ്ലീഷ് യുവതി തന്റെ സായാഹ്നങ്ങൾ ഈ സ്ഥലത്തെ ഈ പാറയിൽ വന്നിരുന്ന് മനോഹരമായ കാഴ്ചകൾ കണ്ടു 
സായാഹ്നങ്ങൾ ആസ്വദിക്കാറുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങിനെയാണ് ഈ സ്ഥലത്തിന്  
ലേഡീസ് സീറ്റ് എന്നു പേരുവീണത്.

ഷെവറോയ് കുന്നിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ലേഡീസ് സീറ്റ്, ജെന്റ്സ് സീറ്റ്, ചിൽഡ്രൻസ് സീറ്റ് എന്നിവയാണ് യെർകോഡ് കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു കൂട്ടം പാറകൾക്ക് നൽകിയിട്ടുള്ള പേരുകൾ.

മനോഹരമായ കാഴ്ചകൾ  ആസ്വദിക്കാൻ വേണ്ടി ദൂരദർശിനി സജ്ജീകരിച്ചിരിക്കുന്ന ഒരു വാച്ച് ടവറും ഇവിടെയുണ്ട്.

🔘  കരടി ഗുഹ, 

ഏർക്കാഡ് സന്ദർശിക്കുന്ന ഏതൊരു വിനോദസഞ്ചാരിയും തീർച്ചയായും കാണേണ്ട ഒന്നാണ് നോർട്ടൺ ബംഗ്ലാവിന് സമീപമുള്ള
കരടി ഗുഹ.
സെർവരോയൻ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ 
ഒരു സ്വകാര്യ കോഫിഎസ്റ്റേറ്റിലാണ് കരടി ഗുഹ സ്ഥിതിചെയ്യുന്നത്, 

ഈ കോഫി എസ്റ്റേറ്റ് ബംഗ്ലാവിന് സമീപമുള്ള  ഗുഹകളിൽ  കരടികളുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നതിനാലാണ് ഇതിന് കരടി ഗുഹ എന്ന് പേരുവന്നത്.

ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഴയ സാനിറ്റോറിയം 
ലേഡീസ് സീറ്റ് , കിള്ളിയൂര്‍  വെള്ളച്ചാട്ടം, ജെന്റ്സ് സീറ്റ് ,
പഗോഡ പോയിന്റ്,  ഏർക്കാട്  ഓർക്കിഡേറിയം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

  ഏർക്കാഡിൽ അത്യാവശ്യം കാണാൻ സാധിക്കുന്ന സ്ഥലങ്ങളൊക്കെ കറങ്ങി ഇരുട്ടും മുമ്പ് കൊല്ലിയിലേക്ക് വെച്ചു പിടിച്ചു. രണ്ടുമൂന്ന് ദിവസമായി തുടർന്നു പെയ്യുന്ന മഴ കാരണം തണുത്ത് വിറച്ചു രാത്രി കൊല്ലി കയറുന്ന പ്ലാൻ മാറ്റിവെച്ചു വാളപ്പാടിയിൽ പോലീസ് സ്റ്റേഷൻ അടുത്ത് സ്റ്റേ ചെയ്തു. ഏർക്കാട് വാളപ്പാടി ( വാഴപ്പാടി  ) 57 km.

അതിരാവിലെ 
വാളപ്പാടി അട്ടൂർ റോഡ് വഴി കൊല്ലി ഹിൽസ് 52 km.കൊല്ലി ഹിൽസിലേക്ക് വെച്ചു പിടിച്ചു നല്ല വൃത്തിയുള്ള റോഡ്... വഴിവക്കിലേങ്ങും മനോഹരകാഴ്ചകളും കണ്ടു കൊണ്ട് കൊല്ലി ചെക്ക് പോസ്റ്റിലെത്തി. 

3. ⛰️ കൊല്ലി ഹിൽസ് ( Kolli hills )
________________________________

                        കൊല്ലി മല എന്നാൽ മരണത്തിന്റെ മല എന്നാണ് അറിയപ്പെടുന്നത്.1400മീറ്റർ ഉയരമുള്ള കൊല്ലി മലയിൽ   
70 ഹെയർ പിന്നുകളുണ്ട്, അതും അപകടകരമായ വീതി കുറഞ്ഞ 70 ഹെയർ പിൻ വളവുകൾ. മുകളിലേക്ക് കയറും തോറും വിടർന്നു വരുന്ന ദൂരങ്ങൾ......
കോടമഞ്ഞിറങ്ങുന്ന വഴികൾ....
നനുത്ത കാറ്റ് പടരുന്ന താഴ്വരകൾ ......  അടുപ്പിച്ചടുപ്പിച്ചുള്ള വളവുകൾ......
എല്ലാം കൊണ്ടും കൊല്ലി റൈഡ് ആസ്വദിക്കാൻ കഴിയുന്നുണ്ട്.

കപ്പ, മുളക്, ജീരകം, കടുക്, എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ.

 🔘 ആഗായ ഗംഗൈ വെള്ളച്ചാട്ടം

ടിക്കറ്റ് കൌണ്ടറിൽ നിന്ന് 20 രൂപ ടിക്കറ്റ് എടുത്തു 1000ത്തിൽ പരം പടികൾ ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ അരികിലെത്തി.
ശരിക്കും അത്ഭുതപ്പെടുത്തുന്ന കാഴ്ച തന്നെ ആയിരുന്നു.  70 മീറ്റർ മുകളിൽ നിന്നും വെള്ളം താഴോട്ട് പതിക്കുന്ന
മനോഹരമായ ഒരു വെള്ളച്ചാട്ടം.
കൊല്ലി ആഗായഗംഗ ഫാൾസ് 34 കിലോമീറ്റർ .

ഉച്ചയോട് കൂടെ കൊല്ലിയും കണ്ടു ചുരം തിരിച്ചിറങ്ങി.
കാങ്കയം മുത്തൂർ റോഡും  ഈറോഡ് പാലക്കാട് വഴി നേരെ  നാട്ടിലേക്ക് 362 കിലോമീറ്റർ.

Nb : യെലഗിരി ചെറിയൊരു ഹിൽ സ്റ്റേഷൻ ആണ്.ഒത്തിരി പ്രതീക്ഷകൾ വെച്ചു ഒരുപാട് ദൂരം യാത്ര ചെയ്തു പോകാതിരിക്കുക.
പ്രകൃതിഭംഗി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.

ഏർക്കാട് പൊതുവെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ്.

കൊല്ലി മരണത്തിന്റെ മലയെന്ന പേരെ ഉള്ളൂ അത്രയ്ക്ക് ഡയ്ഞ്ചർ ഒന്നുമില്ല. റൈഡ് ഇഷ്ടപെടുന്നവർക്ക് നല്ല സ്പോട്ട്  ആണ്. ആകായഗംഗ ഫാൾസും അടിപൊളിയാണ്.

    കടപ്പാട് :  ✍️ അബു വി കെ.

Comments